മാലിന്യം വലിച്ചെറിയുന്നതിനെ ചൊല്ലി തർക്കം; യുപിയിൽ യുവാവിനെ സഹോദരനും ഭാര്യയും കൊന്നു
Thursday, October 2, 2025 9:21 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ മാലിന്യം വലിച്ചെറിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇളയ സഹോദരനും ഭാര്യയും യുവാവിനെ വെട്ടിക്കൊന്നു.
വീരേന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച, ഇളയ സഹോദരൻ സുനിലിന്റെ മകൾ വീരേന്ദ്രയുടെ വീടിന് മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്നു. ഇത് വീരേന്ദ്ര എതിർത്തപ്പോൾ, സഹോദരന്മാർ തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് ഇത് കൈയാങ്കളിയിലേക്ക് നീണ്ടു. സുനിലും ഭാര്യ ഗുഡ്ഡോയും കോടാലിയും വടിയും ഉപയോഗിച്ച് വീരേന്ദ്രയെ ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വീരേന്ദ്രയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മീററ്റിലെ ഒരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു.
വീരേന്ദ്രയുടെ ഭാര്യയുടെ പരാതിയിൽ സുനിലിനും ഭാര്യ ഗുഡ്ഡോയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.