ഗാസയിലേക്കുള്ള സഹായ കപ്പലുകൾ ഇസ്രായേൽ തടഞ്ഞു; ഗ്രേറ്റ തുന്‍ബര്‍ഗ് കസ്റ്റഡിയിൽ
Thursday, October 2, 2025 8:25 AM IST
ഗാസ: ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു.
ഗ്രേറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന് അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഫ്ളോട്ടിലയിലെ രണ്ട് ബോട്ടുകള്‍ ഗാസ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഗാസയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രാതിര്ത്തിയില്വച്ചായിരുന്നു സംഭവം. ഗ്രേറ്റ അടക്കമുള്ളവരെ ഇസ്രയേല്‍ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബോട്ടില്‍ ഇരിക്കുന്ന ഗ്രേറ്റയുടെ ഒരു വീഡിയോ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഗ്രേറ്റയ്ക്ക് മറ്റൊരു പ്രവര്ത്തകന് വെള്ളവും റെയിന്‍ കോട്ടും നല്‍കുന്നത് കാണാം.
ഗാസ പ്രാദേശിക സമയം ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവമെന്ന് ഫ്ളോട്ടില വക്താവ് പറഞ്ഞു. അല്‍മ, സൈറസ് അടക്കമുള്ള ബോട്ടുകള്‍ നിയമവിരുദ്ധമായി തടഞ്ഞു. ഇതിന് ശേഷം ലൈവ് സ്ട്രീം അടക്കം ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെട്ടു. ഇസ്രയേല്‍ പറയുന്ന ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഫ്ളോട്ടില വക്താവ് വ്യക്തമാക്കി.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഗാസയ്ക്ക് സഹായവുമായി ഗ്രെറ്റയും സംഘവും ബാഴ്സലോണയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ഗ്രേറ്റയ്ക്ക് പുറമേ നെല്സന് മണ്ടേലയുടെ പേരക്കുട്ടി മണ്ട്ല മണ്ടേല, മുന്‍ ബാര്‍സലോണ മേയര്‍ അഡ കോളോ, ചരിത്രകാരന് ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവര്ത്തകന് യാസ്മിന് അസര്‍, പരിസ്ഥിതി പ്രവര്ത്തകന് തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസര്‍, ശാസ്ത്രജ്ഞന് കാരന് മൊയ്നിഹാന്‍ തുടങ്ങി അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകരാണ് 45 ബോട്ടുകളിലായി യാത്ര ചെയ്യുന്നത്.
ഇസ്രയേല്‍ അധിനിവേശം തുടരുന്ന ഗാസയില്‍ ഭക്ഷണം, വെള്ളം, മരുന്ന് അടക്കം അവശ്യവസ്തുക്കള്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ രണ്ട് തവണ ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.