റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഎം പെണ് പ്രതിരോധം സംഗമം
Thursday, October 2, 2025 8:17 AM IST
കൊച്ചി: നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ പെണ് പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്.
പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഎം നേതാവ് കെ.ജെ. ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ് പ്രതിരോധം എന്ന പേരിലാണ് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയമില്ലെന്ന് റിനി പറഞ്ഞു.
"ഇപ്പോള്‍ പോലും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന മാനസികമായ ഭയമുണ്ട്. എന്നാല്‍ പോലും ഇവിടെ വരാന്‍ തയാറായതിന്റെ കാരണം സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്ക് കൂടി ഉണ്ട് തോന്നിയത് കൊണ്ടാണ്' – റിനി വേദിയില്‍ പറഞ്ഞു.