ടി20: ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ
Thursday, October 2, 2025 6:16 AM IST
ന്യൂസിലൻഡ്: ന്യൂസിലൻഡ് പര്യടനത്തിലെ ടി20 മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ബേ ഓവലിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ കിവീസ് തകർന്നടിഞ്ഞു. 43 പന്തിൽനിന്ന് 85 റൺസാണ് മാർഷ് അടിച്ചുകൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലൻഡിനെ 6/3 എന്ന നിലയിൽ ഓസ്ട്രേലിയ തളച്ചു. എന്നാലും ടിം റോബിൻസന്റെ സെഞ്ച്വറി തുണയായി. 66 പന്തിൽനിന്ന് 106 റൺസാണ് റോബിൻസൺ നേടിയത്, ഇതോടെ 20 ഓവറിൽ 181/6 എന്ന മാന്യമായ സ്കോർ ന്യൂസിലൻഡിന് നേടാനായി.
എന്നാൽ മാർഷിന്റെ പ്രകടനത്തിൽ 21 പന്തുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ വിജയത്തിലേക്ക് ഓടിക്കയറി. അഞ്ച് സിക്സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതാണ് മാർഷിന്റെ ഇന്നിംഗ്സ്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി. സ്കോർ; ഓസ്ട്രേലിയ - 185/4 (16.3 ഓവർ). ന്യൂസിലൻഡ്- 181/6 (20 ഓവർ).