ഹൃദയമിടിപ്പിലെ വ്യത്യാസം; മല്ലികാർജുൻ ഖാർഗെയ്ക്ക് പേസ്മേക്കർ ഘടിപ്പിച്ചു
Thursday, October 2, 2025 3:18 AM IST
ബംഗളുരു: ഹൃദയമിടിപ്പിലെ വ്യത്യാസത്തെത്തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പേസ്മേക്കർ ഘടിപ്പിച്ചു. പനിയും ശ്വാസതടസവും കാരണമാണ് ഖാർഗെയെ ബംഗളുരുവിലെ എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോക്ടർമാർ നല്കുന്ന വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു. രണ്ടു ദിവസത്തിനകം ഖാർഗെയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
സെപ്റ്റംബർ 24ന് പട്നയില്‍ നടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ ഏഴിന് നാഗാലാൻഡിലെ കൊഹിമയില്‍ നടക്കുന്ന പൊതു റാലിയില്‍ പങ്കെടുക്കാനിരിക്കെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.