ടി20 വനിതാ ലോകകപ്പ്: തകർപ്പൻ പ്രകടനത്തോടെ ഓസ്ട്രേലിയയുടെ വിജയത്തുടക്കം
Thursday, October 2, 2025 12:36 AM IST
ഇൻഡോർ: ടി20 വനിതാ ലോകകപ്പ് 2025 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ തുടക്കം. ബുധനാഴ്ച ഇൻഡോറിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ 89 റൺസിന് പരാജയപ്പെടുത്തിയാണ് ഓസീസിന്റെ മിന്നും ജയം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 128 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ പരുങ്ങലിലായ ശേഷം 326 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ആഷ്ലീ ഗാർഡ്നറുടെ സെഞ്ച്വറി മികവിലാണ് ഓസ്ട്രേലിയ സ്കോർ പടുത്തുയർത്തിയത്. 85 പന്തിൽനിന്നാണ് ഗാർഡ്നർ 113 റൺസ് നേടിയത്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ആറോ അതിൽ താഴെയോ സ്ഥാനത്ത് ഇറങ്ങി സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറി.
326 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ന്യൂസിലൻഡിന്റെ ചേസിംഗ് ദുരന്തമായാണ് തുടങ്ങിയത്. ജോർജിയ പ്ലിമ്മർ ഡയമണ്ട് ഡക്കായി റൺ ഔട്ടാവുകയും സൂസി ബേറ്റ്സ് പൂജ്യത്തിന് പുറത്താവുകയും ചെയ്തു. തുടർന്ന് നായിക സോഫി ഡിവൈൻ 12 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 112 പന്തിൽ 112 റൺസ് നേടി മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. 237 റൺസിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു.