ഉടുമ്പൻചോലയില്‍ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്
Wednesday, October 1, 2025 11:08 PM IST
ഇടുക്കി: ഉടുമ്പൻചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
മരിച്ച സോള്‍രാജിന്റെ സഹോദരിയുടെ ഭർത്താവ് പി. നാഗരാജാണ് കൊല നടത്തിയത്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉടുമ്പൻചോല കാരിത്തോട്ടിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് 30കാരനായ സോള്‍രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. പ്രാഥമികമായി കൊലപാതകം എന്ന് നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. ഇടുക്കി എസ്പിയുടെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെയും ഉടുമ്പൻചോല, നെടുങ്കണ്ടം എസ്എച്ച്ഒമാരായ പി.ഡി. അനൂപ്മോൻ, ജർലിൻ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നാഗരാജനെ സംശയം തോന്നി കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മദ്യലഹരിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന സോള്‍രാജിനെ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം ദിവസം മരിച്ച സോള്‍രാജിന്റെ മാതാപിതാക്കളായ ശംങ്കിലി മുത്തു, ശാന്ത എന്നിവരെ ഇയാള്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു. മദ്യലഹരിയില്‍ കുടുംബത്തില്‍ കലഹമുണ്ടാക്കുകയും ചെയ്തു. ഇതാണ് പ്രകോപന കാരണം എന്നാണ് നാഗരാജ പോലീസിനോട് പറഞ്ഞത്.