ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി ഉറപ്പ്; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
Wednesday, October 1, 2025 10:50 PM IST
വാഷിംഗ്ടൺ ഡിസി: ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
ഖത്തറിന്റെ പ്രദേശത്തിനോ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുണ്ടാകുന്ന ഭീഷണിയായി കണക്കാക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ഉറപ്പുനൽകുന്നു.
"അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും' – ട്രംപ് വ്യക്തമാക്കി.
ഖത്തറിൽ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.