ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, പ്രത്യേക മുന്നറിയിപ്പില്ല
Wednesday, October 1, 2025 10:10 AM IST
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും മഴമുന്നറിയിപ്പില്ല. വരുംമണിക്കൂറുകളിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ( ഐഎംഡി) മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം ഒക്ടോബര്‍ ആദ്യ ആഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ സജീവമായി നിലനിര്‍ത്തുമെന്നും ഐഎംഡിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളിൽ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.