കണ്ണീരടക്കി കരൂർ; പരിക്കേറ്റ 104 പേര് ആശുപത്രി വിട്ടു; ആറു പേര് ചികിത്സയിൽ തുടരുന്നു
Wednesday, October 1, 2025 9:58 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര് ആശുപത്രി വിട്ടു. ആറ് പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ആള്‍ക്കൂട്ട ദുരന്തത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.