യുഎസ് നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ച് ട്രംപ്
Wednesday, October 1, 2025 7:40 AM IST
വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിൽ തയാറെടുപ്പുകൾ നടത്താൻ നിർദേശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം. യുഎസ് നേരിടുന്നത് രാജ്യത്തിനുള്ളിൽ നിന്നുള്ള യുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങൾക്കും കുടിയേറ്റത്തിനുമെതിരായ നടപടികളുടെ ഭാഗമായി ലോസാഞ്ചലസിലേക്കും വാഷിംഗ്ടണിലേക്കും ട്രംപ് സൈന്യത്തെ അയച്ചിട്ടുണ്ട്. മെംഫിസിലേക്കും പോർട്ട്ലാൻഡിലേക്കും സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടു. ചിക്കാഗോയിലും സൈന്യത്തെ വിന്യസിക്കുമെന്നു ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റ് പാർട്ടിയുടെ മേയറാണ് ഈ നഗരങ്ങൾ ഭരിക്കുന്നത്. തന്റെ പ്രസംഗത്തിൽ ഈ പ്രദേശങ്ങളെ യുദ്ധമേഖല എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യുഎസ് നഗരങ്ങളെ സൈനികർക്കുള്ള പരിശീലന കേന്ദ്രങ്ങളായി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.