കരൂർ ദുരന്തം: ടിവികെ നേതാക്കളായ മതിയഴകനും പൌന് രാജും റിമാന്‍ഡില്‍
Tuesday, September 30, 2025 3:02 PM IST
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്യുടെ ടിവികെ നേതാക്കളായ മതിയഴകൻ, പൌൻ രാജ് എന്നിവർ റിമാൻഡിൽ. ഒക്ടോബർ 14 വരെയാണ് കരൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനും കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയായ പൌൻരാജും അറസ്റ്റിലായിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൌൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസിൽ ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ആനന്ദ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സുരക്ഷ നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.