വിദ്യാർഥികൾക്ക് ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ പരിശീലനം നൽകണം: ജി. പ്രിയങ്ക ഐഎഎസ്
Thursday, September 25, 2025 7:11 AM IST
കൊച്ചി: ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന് എറണാകുളം ജില്ല കളക്ടർ ജി. പ്രിയങ്ക. എല്ലാ സ്കൂളുകളിലും ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കാനും കളക്ടർ നിർദേശം നൽകി.
ജില്ല ഭക്ഷ്യ സുരക്ഷ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഭക്ഷണകാര്യങ്ങളിൽ ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താൻ ഇത് കുട്ടികളെ പ്രാപ്തരാക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയിലെ എല്ലാ ന്യൂട്രീമിക്സ് ഉത്പാദന കേന്ദ്രങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുണമെന്നും യോഗം ആവശ്യപ്പെട്ടു.
വീടുകളിൽ ഉൾപ്പെടെ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുന്നവർക്ക് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.