ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി; 50 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു
Thursday, September 25, 2025 6:34 AM IST
കയ്റോ: ഗാസ സിറ്റിയിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയതോടെ 50 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഗാസ സിറ്റി സെന്ററിലേക്കു മുന്നേറുന്ന ഇസ്രയേൽ കരസേനയെ പിന്തുണച്ച് ശക്തമായ വ്യോമാക്രമണവും ഉണ്ടായി. നുസറേത്തിൽ മാത്രം 13 പേർ കൊല്ലപ്പെട്ടു.
നഗരം വിടണമെന്ന ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് നിരവധിയാളുകൾ ഗാസ സിറ്റിയിൽ തുടരുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഗാസയിലേക്കു സഹായവുമായി പോയ 50 കപ്പലുകളുടെ നേർക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണമുണ്ടായതിനെത്തുടർന്ന് കപ്പൽ വ്യൂഹത്തെ സംരക്ഷിക്കുന്നതിനായി ഇറ്റലി നാവികസേനാ കപ്പൽ അയച്ചു.
അതേസമയം ഗാസയിൽ വെടിനിർത്തലിനും ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂയോർക്കിൽ അറബ് നേതാക്കളുമായി ചർച്ച നടത്തി. പലസ്തീനെ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളെ ട്രംപ് വിമർശിച്ചു.