ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് അടുത്ത മാസം പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാൻ എയർലൈൻസ്
Thursday, September 25, 2025 3:00 AM IST
ഇസ്ലാമാബാദ്: വിലക്കിനെതുടർന്ന് 2020ൽ സർവീസുകൾ നിർത്തിയ ബ്രിട്ടനിലേക്കുള്ള പാക്കിസ്ഥാൻ എയർലൈൻസിന്റെ വിമാന സർവീസ് അടുത്ത മാസം പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തങ്ങളുടെ ഏറ്റവും ലാഭകരമായ റൂട്ടിലേക്ക് പാക്കിസ്ഥാൻ എയർലൈൻസ് മടങ്ങിവരുന്നത്.
പാക്കിസ്ഥാൻ എയർലൈൻസിനുമേലുള്ള വിലക്ക് ബ്രിട്ടൻ നീക്കിയതായി ബ്രിട്ടിഷ് ഹൈക്കമ്മീഷൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. പാസഞ്ചർ, കാർഗോ വിമാനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്.
2020 ജൂണിൽ കറാച്ചിയിൽ പാക്കിസ്ഥാൻ വിമാനം അപകടത്തിൽപ്പെട്ട് 100 ഓളം പേർ മരിച്ചതിനെതുടർന്നാണ് പാക്കിസ്ഥാൻ എയർലൈൻസിന്റെ രാജ്യാന്തര സർവീസുകൾക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയത്. ഒട്ടേറെ സുരക്ഷാ പിഴവുകളും ഇതിനു കാരണമായി.
ചില പൈലറ്റുമാർ വ്യാജ ലൈസൻസുകൾ ഉപയോഗിച്ചാണ് പ്രവൃത്തിക്കുന്നതെന്ന് അന്നത്തെ പാക്ക് വ്യോമയാന മന്ത്രിയുടെ പ്രസ്താവനയും വിവാദമായി. തുടർന്ന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും വിമാന സർവീസ് തടഞ്ഞിരുന്നു. യൂറോപ്യൻ യൂണിയൻ പിന്നീട് വിലക്ക് നീക്കി.