മന്ത്രവാദത്തിന് സ്ത്രീകളുടെ കുഴിമാടം തുറന്നു; ഇരട്ടക്കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ച പ്രതി വീണ്ടും പിടിയിൽ
Thursday, September 25, 2025 12:45 AM IST
ഭോപ്പാൽ: മന്ത്രവാദം ചെയ്യുന്നതിനു സ്ത്രീകളുടെ കുഴിമാടം തുറന്ന മധ്യവയ്സകനെ അറസ്റ്റു ചെയ്തു. 2010ൽ രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ കുറ്റത്തിന് പോലീസ് പിടികൂടി ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ അയൂബ് ഖാനെയാണ് (50) സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന കുറ്റത്തിന് മധ്യപ്രദേശ് പോലീസ് പിടികൂടിയത്.
മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമത്തിലായിരുന്നു സംഭവം. ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലായി രണ്ടുതവണയാണ് ഇയാൾ ആറ് സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്നത്. മരിച്ച സ്ത്രീകളുടെ മുടി കൈക്കലാക്കാനാണ് ഇയാൾ ഈ പ്രവൃത്തി ചെയ്തത്.
അമാവാസി ദിവസം ഈ മുടി ഉപയോഗിച്ച് മന്ത്രവാദം ചെയ്താൽ ശക്തി ഇരട്ടിക്കുമെന്ന് അയൂബ് വിശ്വസിച്ചിരുന്നു. ജയിലിലെ സഹതടവുകാരനാണ് ശക്തി വർധിപ്പിക്കുന്നതിനായി ഇങ്ങനെ ചെയ്യാൻ ഉപദേശിച്ചത്.
പ്രതി ശവക്കുഴികൾ തുറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പകൽ സമയം എത്തി സ്ത്രീകളുടെ കുഴിമാടങ്ങൾ കണ്ടെത്തിയ ശേഷമാണ് രാത്രി തുറക്കാനെത്തിയത്. ഇൻഡോർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന പ്രതി അഞ്ച് മാസം മുന്പാണ് ജയിൽ മോചിതനായത്. ജയിലിനുള്ളിലെ നല്ല പെരുമാറ്റത്തെ തുടർന്നാണ് അയൂബിന് ശിക്ഷ ഇളവ് ലഭിച്ചത്.