റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസ്
Wednesday, September 24, 2025 11:13 PM IST
ന്യൂഡൽഹി: റെയില്‍വേ ജീവനക്കാര്‍ക്ക് പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 10.9 ലക്ഷം ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി നൽകാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനം.
ജീവനക്കാരുടെ മികച്ച പ്രവർത്തനത്തിനുള്ള പ്രതിഫലമായാണ് ഇത്രയും തുക ബോണസ് നൽകാൻ തീരുമാനിച്ചതെന്നും മൊത്തം 1886 കോടി രൂപയാണ് നൽകുകയെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബോണസായി ഒരു ജീവനക്കാരന് ലഭിക്കാവുന്ന പരമാവധി തുക 17,951 രൂപയായിരിക്കും. ട്രാക്ക് മെയിന്റനേഴ്സ്, ലോക്കോ പൈലറ്റുമാർ, ഗാർഡുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക പ്രവർത്തകർ, സാങ്കേതിക സഹായികൾ, പോയിന്റ്സ്മാന്, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റു സി ഗ്രൂപ്പ് ജീവനക്കാർ തുടങ്ങി നിരവധിപേർക്ക് ബോണസ് ലഭിക്കും.
റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് ഓരോ വർഷവും ദുർഗാപൂജ-ദസറ അവധിക്ക് മുമ്പാണ് നൽകിവരാറുള്ളത്.