ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യം; ലേയിൽ വൻ ജനകീയ പ്രതിഷേധം
Wednesday, September 24, 2025 4:11 PM IST
ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് വൻ ജനകീയ പ്രതിഷേധം. പ്രധാന നഗരമായ ലേയിൽ ജനം തെരുവിലിറങ്ങി.
പ്രതിഷേധം അക്രമാസക്തമാവുകയും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ഇതിനിടെ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാംഗ്ചുക് സംഘർഷത്തെ തുടർന്ന് സമരത്തിൽ നിന്ന് പിന്മാറി.
പോലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ, പോലീസ് വാൻ അഗ്നിക്കിരയാക്കി. സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്.
ഇന്ന് ലേ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാർ പൊലീസിനെതിരെയും ആക്രമണം നടത്തിയതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി.
സമരക്കാരും സർക്കാരും വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇന്ന് പ്രതിഷേധം അക്രമാസക്തമായത്. കേന്ദ്ര സർക്കാരും സമരക്കാരുമായി ഒക്ടോബർ ആറിനാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.