38 ദിവസങ്ങൾക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; പ്രതിഷേധത്തിന് ബിജെപിയും ഡിവൈഎഫ്ഐയും
Wednesday, September 24, 2025 12:36 PM IST
പാലക്കാട്: നീണ്ട 38 ദിവസങ്ങൾക്കു ശേഷം 39-ാം നാൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവ്യറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുൽ പാലക്കാട് എത്തിയത്.
രാവിലെ മരണവീട്ടിലെ സന്ദർശനത്തിനു ശേഷം സമീപത്തെ കടകളിലും മറ്റുമെത്തി എല്ലാവരേയും കണ്ട് പരിചയം പുതുക്കി. ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും രാഹുൽ സജീവമായി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തിയപ്പോൾ ഞാൻ മാധ്യമങ്ങളെ സ്ഥിരമായി കാണാറുണ്ടല്ലോ എന്നായിരുന്നു രാഹുലിന്റെ മറുപടി.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിവാദങ്ങൾ രൂക്ഷമായതോടെ രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് വന്നിരുന്നില്ല. ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.
അതേസമയം, എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിന് സാധ്യതയുള്ളതിനാൽ രാഹുലിന്റെ ഓഫീസിന് പോലീസ് സുരക്ഷ വർധിപ്പിച്ചു. രാഹുലിനെ എംഎൽഎ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ അനുവാദത്തോടെയാണ് രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് എത്തിയിരിക്കുന്നതെന്നും പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ജനകീയ പ്രതിഷേധമാണ് ഡിവൈഎഫ്ഐ നടത്തുകയെന്നും പാലക്കാട്ടെ നേതാക്കൾ പറഞ്ഞു. രാഹുലിനെ തടഞ്ഞാൽ സംഘർഷസാധ്യതയുള്ളതിനാൽ വളരെ കരുതലോടെ മാത്രമേ പ്രതിഷേധം നടത്തൂവെന്നും ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.