കസ്റ്റംസ് കൊണ്ടുപോയത് അഞ്ചുവർഷമായി ഉപയോഗിക്കുന്ന വാഹനം, എല്ലാ രേഖകളും കൈയിലുണ്ട്: അമിത് ചക്കാലയ്ക്കൽ
Wednesday, September 24, 2025 10:52 AM IST
കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് രാജ്യത്തെത്തിച്ച ആഡംബര കാറുകള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന "ഓപ്പറേഷന് നുംഖോര്‍' പരിശോധനയുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരണവുമായി നടന് അമിത് ചക്കാലയ്ക്കല്‍.
തന്റെ പക്കൽനിന്ന് ആറു വാഹനങ്ങൾ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാർ മാത്രം ആണ് തന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും അമിത് പറഞ്ഞു. അഞ്ച് വര്‍ഷമായി സ്വകാര്യ വാഹനമായി ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും താരം മാധ്യമങ്ങളോടു പറഞ്ഞു.
കസ്റ്റംസിന്റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്‍ത്തിയായിരുന്നു. താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചു. വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടുനൽകും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് കൂട്ടിച്ചേർത്തു.
പോസിറ്റീവ് ആയാണ് ആര്‍ടിഒ റിപ്പോര്‍ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ നിന്ന് വന്ന വണ്ടികളില്‍ ഉള്‍പ്പെട്ടതാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നുവെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു.