ജിഎസ്ടി ഇളവും ഉത്സവ ഓഫറുകളും; റിക്കാർഡ് വിൽപ്പനയുമായി വാഹന കന്പനികൾ
Wednesday, September 24, 2025 7:09 AM IST
കൊച്ചി: ജിഎസ്ടി ഇളവുകള്‍ക്കൊപ്പം ഉത്സവ ഓഫറുകൾകൂടി പ്രഖ്യാപിച്ചതോടെ വാഹന വിപണിയിൽ റിക്കാർഡ് വിൽപ്പന. 30,000 കാറുകളാണ് കഴിഞ്ഞ ഒറ്റദിവസം മാരുതി ഷോറൂമുകളില്‍നിന്ന് നിരത്തിലിറങ്ങിയത്. 35 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കണക്കുകളാണിതെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഓരോ ദിവസവും മാരുതിക്ക് 15,000 ബുക്കിംഗുകളാണ് ലഭിക്കുന്നത്.
ഡെലിവറികൾ പൂര്‍ത്തിയാക്കാൻ പല ഷോറൂമുകളും കഴിഞ്ഞ ദിവസം രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്നു. കൊറിയന്‍ വാഹന നിര്‍മാതാവായ ഹ്യൂണ്ടായ് കഴിഞ്ഞ ദിവസം വിറ്റത് 11,000 വാഹനങ്ങളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മികച്ച വില്പ്പനയാണിതെന്ന് ഹ്യൂണ്ടായ് പറയുന്നു.
മികച്ച വിൽപ്പനയാണ് ടാറ്റ മോട്ടോഴ്സും കഴ്ചവച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ. ടാറ്റയുടെ ഷോറൂമുകളില്‍ നിന്ന് 10,000 വാഹനങ്ങള്‍ നിരത്തിലെത്തി. മറ്റ് വാഹന കമ്പനികള്‍ക്കും മികച്ച വില്‍പ്പന ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.