നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യുക്രെയ്നു തിരിച്ചുപിടിക്കാൻ സാധിക്കുമെന്നു ട്രംപ്
Wednesday, September 24, 2025 3:44 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ റഷ്യയിൽനിന്ന് തിരിച്ചുപിടിക്കാൻ യുക്രെയ്നു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വാക്കുകൾ. ക്രെമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.
2014ൽ യുക്രെയ്നിൽനിന്നു റഷ്യ പിടിച്ചെടുത്ത ക്രെമിയ തിരിച്ചു നല്കുന്നതു ചർച്ചയാക്കില്ലെന്നായിരുന്നു നേരത്തെ ട്രംപിന്റെ നിലപാട്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ച ട്രംപ് യുക്രെയ്ന് മുന്നിൽ നാറ്റോയുടെ വാതിൽ തുറക്കില്ലെന്ന സൂചനയും നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ നിലപാട് മാറ്റവുമായാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
യുക്രെയ്നിന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്നാണ് കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കിൽ യുദ്ധത്തിന് മുന്പ് എങ്ങനെയായിരുന്നോ ആ നിലയിലേക്ക് യുക്രെയ്ന് തിരികെ വരാനാകും. നാറ്റോയ്ക്ക് ആയുധം നൽകുന്നത് തുടരുമെന്നും എന്തു ചെയ്യണമെന്ന് നാറ്റോ തീരുമാനിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.