ഒറ്റപ്പാലത്ത് തമിഴ് കുടുംബത്തിന്റെ വീട്ടിൽ മോഷണം; രണ്ടര പവൻ സ്വർണവും 42,000 രൂപയും നഷ്ടപ്പെട്ടു
Wednesday, September 24, 2025 2:43 AM IST
പാലക്കാട്: ഒറ്റപ്പാലത്ത് തമിഴ് കുടുംബത്തിന്റെ വീട്ടിൽ മോഷണം. മായന്നൂർ പാലത്തിന് സമീപം താമസിക്കുന്ന തമിഴ് കുടുംബത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടര പവൻ സ്വർണവും 42,000 രൂപയും നഷ്ടപ്പെട്ടു.
കഴിഞ്ഞ 40 വർഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന നാലകത്ത് ആനന്ദിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെ ആനന്ദി വീട് പൂട്ടി സമീപത്തെ ഭാരതപ്പുഴയിലേക്ക് കുളിക്കാൻ പോയ സമയത്താണ് കവർച്ച നടന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയുടെ ലോക്കർ മടവാൾ ഉപയോഗിച്ച് കുത്തിത്തുറന്നാണ് സ്വർണമാലയും പണവും കവർന്നതെന്ന് പോലീസ് പറഞ്ഞു. അലമാരയിലെ മറ്റു സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു.
ഒമ്പതരയോടെ ആനന്ദി തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. പുതിയ വീടിന്റെ പണി തുടങ്ങുന്നതിനായി ബാങ്കിൽ പണയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പത്ത് ദിവസം മുൻപ് മകളുടെ ആഭരണങ്ങൾ ഇവിടേക്ക് കൊണ്ടുവന്നത്.വീട് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന പണവും മോഷണം പോയി.
സംഭവസ്ഥലത്ത് പോലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. മായനൂർ പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിനരികിൽ പോലീസ് സ്ഥാപിച്ച സുരക്ഷാ ക്യാമറയിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.