ഏഴ് മാസത്തിനിടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു; ഒരു നന്ദി പോലും പറഞ്ഞില്ല; ഐക്യരാഷ്ട്രസഭയ്ക്കെതിരെ വിമർശനവുമായി ട്രംപ്
Wednesday, September 24, 2025 12:09 AM IST
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴ് മാസത്തിനിടെ ഏഴ് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ അവസാനിപ്പിച്ചെന്നും എന്നാൽ ഐക്യരാഷ്ട്രസംഘടന തന്നോട് ഒരു നന്ദി പോലും പ്രകടിപ്പിച്ചില്ലെന്നും ട്രംപ് ആരോപിച്ചു.
ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസമ്മേളനത്തിൽ സംസാരിക്കുന്പോഴായിരുന്നു ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ ഏഴ് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്ന് ട്രംപ് ആവർത്തിച്ചു.
സമീപകാലത്തൊന്നും മറ്റൊരു രാഷ്ട്രതലവനോ ലോകനേതാവോ ഇത്തരത്തിൽ ഒരു ഇടപെടൽ നടത്തിയിട്ടില്ലെന്നും ഐക്യരാഷ്ട്രസഭ വിഷയത്തിൽ ഒന്ന് സഹായിക്കാനോ തയാറായിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
ഇസ്രയേലും ഇറാനും, ഇന്ത്യയും പാകിസ്ഥാനും, റുവാണ്ടയും ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയും, തായ്ലന്റും കംബോഡിയയും, അർമേനിയയും അസർബൈജാനും, ഈജിപ്തും എത്യോപ്യയും, സെർബിയയും കൊസോവോയും എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തിന് ധനസഹായം നൽകുന്നതിൽ പ്രധാനികൾ ചൈനയും ഇന്ത്യയുമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇപ്പോഴും യുദ്ധത്തിന് സാന്പത്തിക സഹായം ചെയ്യുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടൽ ആദ്യം മുതൽ തന്നെ കേന്ദ്രസർക്കാർ തള്ളിയിരുന്നു.