ഓപ്പറേഷൻ നുംഖോര്‍; ദുൽഖര്‍ സൽമാന് ഉള്‍പ്പെടെ നോട്ടീസ് നൽകും
Tuesday, September 23, 2025 7:22 PM IST
കൊച്ചി: നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം വ്യാപകമാക്കുന്നു. ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടത്തിയ പരിശോധനയിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് പറഞ്ഞു.
ഇത്തരത്തിൽ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസിയുടെയും ഇന്ത്യൻ എംബസിയുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്.
ലിസ്റ്റിലെ 90 ശതമാനം വാഹനങ്ങളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ.
നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന നടക്കുന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പലതിനും ഇൻഷ്വറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല. നടൻ ദുൽഖര്‍ സൽമാന്റെ രണ്ട് വാഹനങ്ങളാണ് പരിശോധിച്ചത്.
അതിൽ ഒരെണ്ണം പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാൻ കഴിയില്ലെന്നും ദുൽഖര്‍ സൽമാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.