പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നു: മോഹൻലാൽ
Tuesday, September 23, 2025 6:32 PM IST
ന്യൂഡൽഹി: തന്റെ ഹൃദയസ്പന്ദനമാണ് സിനിമയെന്നും ലഭിച്ച പുരസ്കാരം സിനിമാ മേഖലയ്ക്കാകെയുള്ളതാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിത്. ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്വം നൽകുന്നു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
മറുപടി പ്രസംഗത്തിൽ മോഹൻലാൽ കുമാരനാശാന്റെ കവിതയും വേദിയിൽ ചൊല്ലി. പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ലാലേട്ടൻ എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ചെയ്തത്.
മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ ഒരു ഉഗ്രൻ നടനാണെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ സിനിമാ ജീവിതം സദസില്‍ സ്ക്രീന്‍ ചെയ്യുകയും ചെയ്തു.