ദേശീയ ചലച്ചിത്ര അവാർഡ് വിതരണം തുടങ്ങി ; മലയാള സിനിമയ്ക്ക് അഞ്ച് പുരസ്കാരം
Tuesday, September 23, 2025 5:07 PM IST
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം തുടങ്ങി. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും.
അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും, ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധായകൻ. 2018 എന്ന ചിത്രത്തിലെ മോഹൻദാസാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിലെ മിഥുൻ മുരളിയാണ് മികച്ച എഡിറ്റർ. നോൺ ഫീച്ചർ വിഭാഗത്തിലും മലയാളത്തിന് പുരസ്കാരമുണ്ട്. നെകൽ എന്ന ചിത്രത്തിലൂടെ എം.കെ. രാംദാസും പുരസ്കാരത്തിന് അർഹനായി.