തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കും
Tuesday, September 23, 2025 3:38 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറുമായി ഇതു സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം തീയതികള്‍ നിശ്ചയിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) നീട്ടിവയ്ക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും നടക്കുന്നത് ഒരേ അവസരത്തിലാണ്. രണ്ടും ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥരാണ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാൻ പറഞ്ഞു.