ഓപ്പറേഷന് നുംഖോര്‍: പരിശോധന തുടരുന്നു, ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തു
Tuesday, September 23, 2025 2:16 PM IST
കൊച്ചി: കസ്റ്റംസിന്റെ ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. ഇതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്കി.
കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഓപ്പറേഷന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കസ്റ്റംസ് കമ്മീഷണര്‍ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നൂംഖോർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നൂംഖോർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന നടന്നു. കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് ഹിമാചൽ പ്രദേശിലെത്തിക്കുന്നു. അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.
ഹിമാചൽ പ്രദേശിലെ എച്ച്പി–52 റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽക്കുന്നത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.