കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസ്: കെ.എം. ഷാജഹാനെ ഇന്ന് ചോദ്യം ചെയ്യും
Tuesday, September 23, 2025 12:08 PM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെ ഇന്ന് ചോദ്യം ചെയ്യും. യൂട്യൂബ് ചാനലിലൂടെ ഷൈനെയും കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടു എന്നതാണ് ഷാജഹാനെതിരായ കെ.ജെ ഷൈനിന്റെ പരാതി.
വീഡിയോ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച ഷാജഹാന്റെ ഫോണ്‍ പോലീസ് തിങ്കളാഴ്ച പിടിച്ചെടുത്തിരുന്നു. ചോദ്യംചെയ്യലിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ആലുവ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ഷാജഹാന്റെ ഫോണ്‍ പരിശോധനയ്ക്ക്
കെ.എം.ഷാജഹാന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട്ടില്‍ സൈബര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വൈകാതെ കൈമാറും. തിങ്കളാഴ്ച രാത്രി എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് നടത്തിയ പരിശോധനയിലാണ് ഷാജഹാന്റെ ഐ ഫോണ്‍ പോലീസ് പിടിച്ചെടുത്തത്.
സാമൂഹമാധ്യമത്തില്‍ ചിത്രം അപ്ലോഡ് ചെയ്ത ഫോണാണ് പിടിച്ചെടുത്തത്. ഡിജിറ്റല്‍ തെളിവുകള്‍ തേടി ഇന്നലെ രാത്രി വൈകിയും പോലീസ് സംഘം പരിശോധന തുടര്‍ന്നിരുന്നു. ഏതാനും രേഖകളും കണ്ടെത്തിയെന്നാണ് വിവരം.
സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ മെറ്റ
സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെയും പോലീസ് നിരീക്ഷണത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറാനൊരുങ്ങി മെറ്റ. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ ക്രോഡീകരിച്ചു വരുന്നതായി മെറ്റ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കേസില്‍ പ്രതിച്ചേര്ത്തിട്ടുള്ള കെ.എം. ഷാജഹാന്, കോണ്‍ഗ്രസ് പ്രദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന് എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് പുറമേ പോസ്റ്റ് ഷെയര്‍ ചെയ്ത നൂറോളം പേജുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. പരമാവധി സൈബര്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. യുട്യൂബര്‍ കൊണ്ടോട്ടി അബുവിനെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഗോപാലകൃഷ്ണന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഇയാളുടെ പറവൂരിലെ വീട്ടിലാണ്. പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. അധിക്ഷേപ പരാമര്‍ശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണില്‍ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാന്‍ സൈബര്‍ ഫോറന്‍സിക് സംഘത്തിന് കൈമാറും. ആലുവ സൈബര്‍ പോലീസിന് മുമ്പാകെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേസില്‍ ഗോപാലകൃഷ്ണനും, കെ.എം. ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രഫൈല്‍ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും പോസ്റ്റുകളില്‍ കമന്റിട്ടവരില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തിയേക്കും.