മെസിപ്പടയുടെ എതിരാളികൾ ഓസീസ്: അര്‍ജന്റീന ടീം മാനേജര്‍ ഇന്ന് കൊച്ചിയില്‍
Tuesday, September 23, 2025 11:59 AM IST
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം ടീമിന്റെ മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കുന്ന അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളടക്കം വിലയിരുത്തും.
തുടര്‍ന്ന് മന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാഴ്ച നടത്തും. ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
കഴിഞ്ഞിടെ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്യൂരിറ്റ് ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
നവംബര്‍ 15നാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്. കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. പതിനെഞ്ചിനും പതിനെട്ടിനും ഇടയിലാണ് മത്സരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും പുറത്ത് വിട്ടിട്ടുണ്ട്.