റാലികളിലെ ആൾക്കൂട്ടം വോട്ടായി മാറണമെന്നില്ലെന്ന് കമൽഹാസൻ
Tuesday, September 23, 2025 6:16 AM IST
ചെന്നൈ: ഒരു നേതാവിന് ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞാലും ആ പിന്തുണ വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്ന് മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസൻ. ഇത് താൻ ഉൾപ്പെടെ എല്ലാവർക്കുമെന്നതു പോലെ തന്നെ നടൻ വിജയ്ക്കും ബാധകമാണെന്ന് കമൽ പറഞ്ഞു.
തമിഴക വെട്രി കഴകം പാർട്ടിയുടെ റാലികളിൽ ദൃശ്യമാകുന്ന ആൾക്കൂട്ടത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.""ശരിയായ പാതയിലൂടെ നീങ്ങുക, ധൈര്യത്തോടെ മുന്നേറുക, ജനങ്ങൾക്ക് നന്മ ചെയ്യുക ഇതാണ് എല്ലാ നേതാക്കളോടും എനിക്ക് പറയാനുള്ളത്’’, വിജയ്ക്ക് നൽകാൻ എന്തെങ്കിലും ഉപദേശം കൈവശമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി കമൽ പറഞ്ഞു.
സെപ്റ്റംബർ 20ന് തിരുവാരൂരിൽ നടന്ന റാലിയിൽ വിജയ് ഇതേ ചോദ്യം ജനക്കൂട്ടത്തോടു ചോദിച്ചത് വാർത്തയായിരുന്നു. വിമർശകർ ആരോപിക്കുന്നത് പോലെ ഇതൊരു അർഥശൂന്യമായ റാലിയാണോയെന്നും നിങ്ങളാരും നമ്മുടെ പാർട്ടിക്ക് വോട്ട് ചെയ്യില്ലേയെന്നും വിജയ് ആരാഞ്ഞപ്പോൾ, വിജയ് വിജയ് എന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം.