കെഎസ്ആർടിസി കണ്ടക്ടറുമായി തർക്കം; ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച യാത്രക്കാരൻ പിടിയിൽ
Tuesday, September 23, 2025 3:09 AM IST
തിരുവല്ല: കുറ്റൂരിൽ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച യാത്രക്കാരൻ പിടിയിൽ. കണ്ടക്ടറുമായുള്ള തർക്കത്തിനെ തുടർന്നാണ് ബസിന് നേരെ ഇയാൾ ആക്രമണം നടത്തിയത്. ആഞ്ഞിലിത്താനം സ്വദേശി രതീഷ് ആണ് പിടിയിലായത്.
പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം നടന്നത്. കണ്ടക്ടറുമായി ബാക്കി പണം ആവശ്യപ്പെട്ട് രതീഷ് തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് സ്റ്റോപ്പിൽ ഇറങ്ങിയ പ്രതി ബസിന് നേരെ കല്ലെറിയുകയായിരുന്നു.
ബസിന്റെ പിൻസീറ്റിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇയാൾ മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.