കേരളത്തിലെ എസ്ഐആർ നീട്ടണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Monday, September 22, 2025 9:17 PM IST
തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണം (എസ്ഐആര്‍) നീട്ടണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ നീട്ടി വെക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. സർവകക്ഷി യോഗത്തിൽ പ്രധാന പാർട്ടികൾ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.
രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ വർഷം തന്നെ ഇത് പൂർത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. ഇതിന്റെ ഭാഗമായിട്ടാണ് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആർ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.