ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
Monday, September 22, 2025 7:43 PM IST
റായ്പുർ: ഛത്തീസ്ഗഡിലെ നാരായൺപുരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്നും എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.
തുടർന്ന് സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും അധികൃതർ പറഞ്ഞു.
മാവോയിസ്റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും പ്രചാരണ സാമഗ്രികളും സുരക്ഷാസേന പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷശക്തമാക്കി.