വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Monday, September 22, 2025 5:32 PM IST
തിരുവനന്തപുരം: കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശാല എസ്എച്ച്ഒ സി.ഐ.അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.
ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന് (59) മരിച്ച സംഭവത്തിലാണ് കോടതി നടപടി. സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കീഴ്ക്കോടതി പരിഗണിക്കേണ്ട കേസാണെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി റൂറല്‍ എസ്പി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കിളമാനൂരിൽവച്ചുണ്ടായ അപകടത്തിലാണ് രാജന് മരിച്ചത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും അനിൽകുമാർ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു വാഹനം തിരിച്ചറിഞ്ഞത്. കാർ ഓടിച്ചത് അനിൽകുമാറാണെന്നു ദൃശ്യങ്ങളിൽ വ്യക്തമായി.
തുടർന്ന് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ഒളിവിലുള്ള അനില്‍കുമാറിനായി തെരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.