കൊലക്കേസ് പ്രതി 31 വർഷങ്ങൾക്ക് ശേഷം പിടിയിൽ
Monday, September 22, 2025 3:49 PM IST
ആലപ്പുഴ: കൊലക്കേസ് പ്രതിയെ 31 വർഷങ്ങൾക്ക് ശേഷം പിടികൂടി. ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്.
1994ൽ ചെറിയനാട് കുട്ടപ്പ പണിക്കർ(71)എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയപ്രകാശ്. ഇയാളുടെ മർദനത്തിൽ പരിക്കേറ്റ കുട്ടപ്പ പണിക്കർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
സംഭവത്തിന് പിന്നാലെ ജയപ്രകാശ് ബോംബെയ്ക്ക് മുങ്ങി. മരണവാർത്ത അറിഞ്ഞതോടെ വിദേശത്തേക്കും പോയി. ഇതോടെ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 1999ൽ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ ഇയാളെ പിടികൂടാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നിത്തലയിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഈ വീട് പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഓണത്തിന് ഭാര്യ വീട്ടിലെത്തിയ പ്രതിയെ പോലീസ് കൈയോടെ പിടികൂടി.