ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമസേന ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
Monday, September 22, 2025 1:40 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടോടെ തിറ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മത്രെ ദാര ഗ്രാമത്തിലാണ് കൂട്ടക്കുരുതി നടന്നത്.
പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നു. മരിച്ചവരെല്ലാം സാധാരണക്കാരാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തതയില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണമുണ്ടായ സ്ഥലത്ത് മൃതദേഹങ്ങൾ ചിതറി കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
മുൻപും പാക് സേന ഖൈബർ പഖ്തൂൺഖ്വയിൽ നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആക്രമണത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻനഷ്ടപ്പെട്ടിട്ടുള്ളത്.