തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
Monday, September 22, 2025 12:42 PM IST
തിരുവനന്തപുരം: തമ്പാനൂർ ഗായത്രി വധക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതി ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
തമ്പാനൂർ അരിസ്റ്റോ ജംക്ഷനിലെ ഹോട്ടൽ മുറിയിലാണ് കാട്ടാക്കട വീരണകാവ് സ്വദേശിനിയായ ഗായത്രി(24)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാൻ പ്രതി പ്രവീൺ ശ്രമിച്ചു.
ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മുറി പുറത്തു നിന്നു പൂട്ടി പോവുകയായിരുന്നു.
നഗരത്തിലെ ജ്വല്ലറിയിൽ ഡ്രൈവറായ പ്രവീണും റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയും അടുപ്പത്തിലായിരുന്നു. താൻ വിവാഹിതനും പിതാവുമാണെന്ന വിവരം പ്രവീൺ മറച്ചു വച്ചെങ്കിലും ഇക്കാര്യം പിന്നീട് അറിഞ്ഞതോടെ, ബന്ധം വേർപ്പെടുത്താൻ ഗായത്രി ആവശ്യപ്പെട്ടു.
വിവാഹമോചനം നേടി ഗായത്രിയെ വിവാഹം കഴിക്കാമെന്ന ഉറപ്പു നൽകി പ്രവീൺ 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ പള്ളിയിൽ ഗായത്രിയെ താലി കെട്ടി. വിവരമറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളം വച്ചതോടെ ഗായത്രി ജോലി രാജിവച്ചെങ്കിലും ഇരുവരും ബന്ധം തുടർന്നു. പ്രവീണിനെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പിന്നാടാണ് പ്രതി കൊലപാതകം ചെയ്തത്.