പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഇന്നും അനുമതിയില്ല
Monday, September 22, 2025 11:26 AM IST
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി ഇന്നും അനുമതി നൽകിയില്ല. നേരത്തെ ടോൾപിരിവിന് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതൽ അനുമതി നൽകാമെന്നായിരുന്നു ഹൈകോടതി അറിയിച്ചത്.
എന്നാൽ, മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് കോടതി അനുമതി നിഷേധിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞ സംഭവം ഹൈകോടതി ഉന്നയിച്ചു.
മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി മുരിങ്ങൂരിലെ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിച്ച നടപടി ജില്ലാ കളക്ടറെ അറിയിക്കണമെന്ന് നിർദേശിച്ചു. ഇതു കൂടി പരിഗണിച്ചാവും ടോൾ പിരിവിന് കോടതി അന്തിമ അനുമതി നൽകുക.