കരമന സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതി പിടിയിൽ
Monday, September 22, 2025 8:13 AM IST
തിരുവനന്തപുരം യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. കരമന സ്വദേശിയായ യുവതിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
കേസിലെ പ്രതി കോട്ടയം എരുമേലി സ്വദേശി അഖിൽ ദാസ്തകർ (24) ആണ് പിടിയിലായത്. കരമന പോലീസാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ ഇതു മറച്ചുവച്ചാണ് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചത്.
യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോയി ഇയാളുടെ ഫ്ലാറ്റിലും എറണാകുളത്തെ ഹോട്ടലിലും എത്തിച്ചായിരുന്നു പീഡനം. മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ യുവതിയെ വീട്ടിൽ എത്തിച്ച് ഇയാൾ മുങ്ങി.
യുവതി കരമന പൊലീസിൽ നൽകിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.