പുതുക്കിയ ജിഎസ്ടി നിരക്ക്; സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകും: മന്ത്രി കെ.എൻ. ബാലഗോപാൽ
Monday, September 22, 2025 7:43 AM IST
തിരുവനന്തപുരം: പുതുക്കിയ ജിഎസ്ടി നിരക്കിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒരു വർഷം 8,000 കോടി രൂപയിൽ അധികം നഷ്ടം കണക്കാക്കുന്നതായും മന്ത്രി പറഞ്ഞു. ഈ വർഷം മാത്രം ഇനി 4000 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നും സംസ്ഥാന ബജറ്റ് ഉൾപ്പെടെ താളം തെറ്റുമെന്നും ബാലഗോപാൽ പറഞ്ഞു.
വില കുറയുന്നതിനോട് സർക്കാരും അനുകൂലമാണ്. എന്നാൽ വരുമാന നഷ്ടം ഉണ്ടാകുന്നതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തോട് പരിഹാരം ആവശ്യപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നികുതി നഷ്ടം കേന്ദ്രം നികത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു.
മുന്പ് ജിഎസ്ടി കുറച്ചപ്പോൾ അതിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കണം. അതിനുള്ള ഇടപെടൽ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
"ഏറ്റവും കൂടുതൽ നഷ്ടം 28 ശതമാനം ജിഎസ്ടി ഈടാക്കിയിരുന്ന സ്ലാബിലാണ്. 3966 കോടി രൂപ. 18 ശതമാനം സ്ലാബിൽ 1951 കോടി രൂപയും, 12 ശതമാനത്തിൽ 1903 കോടി രൂപയും, അഞ്ച് ശതമാനത്താൽ 18 കോടി രൂപയുമാണ് നഷ്ടം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ആറ് മാസം പിന്നിട്ടതാൽ ഇനി ഈ വർഷം 4000 കോടി രൂപയുടെ നഷ്ടമാണ് സർക്കാർ മുന്നിൽ കാണുന്നത്.'-കെ.എൻ. ബാലഗോപാൽ പറഞ്ഞു.