ആൾതാമസമില്ലാത്ത വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചയാൾക്ക് രക്ഷകരായി കേരളാ പോലീസ്
Monday, September 22, 2025 4:05 AM IST
കൊച്ചി: ആൾതാമസമില്ലാത്ത വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി പോലീസ്. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസാണ് ആത്മഹത്യാശ്രമം കണ്ടത്.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽനിന്നു നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കഴുത്തിൽ കയർ കുരുക്കി തൂങ്ങിനിന്നയാളെ രക്ഷിച്ചത്. സബ് ഇൻസ്പെക്ടർ പി.ജി. ജയരാജ്, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തത്.
വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസിലാക്കിയ ഉടൻ പോലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി. മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പോലീസ് കണ്ടത് ബെഡ്റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാൾ പിടയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ തുണി അറുത്ത് പോലീസ് ജീപ്പിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ഐസിയു ഒഴിവില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു. ഇതിനിടയ്ക്ക് പോലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.