അനായാസ ജയം; സൂപ്പർ ഫോറിലും പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ
Monday, September 22, 2025 12:04 AM IST
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലാം ജയവുമായി ഇന്ത്യ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ ആറു വിക്കറ്റിനു തകർത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്.
പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 39 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ശുഭ്മാന്‍ ഗില്‍ 28 പന്തില്‍ 47 റണ്‍സെടുത്തപ്പോള്‍ 19 പന്തില്‍ 30 റണ്‍സുമായി തിലക് വര്‍മയും 7പന്തില്‍ 7 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക്-ശുഭ്മാന്‍ ഗില്‍ സഖ്യം 9.5 ഓവറില്‍ 105 റൺസടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
അഞ്ചാമനായി ക്രീസിലിത്തിയ സഞ്ജു സാംസണ് 17 പന്തില്‍ 13 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായത് നിരാശയായി. സ്കോര്‍ പാക്കിസ്ഥാൻ 20 ഓവറില്‍ 171-5, ഇന്ത്യ 18.5 ഓവറില്‍ 174-4.
ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയ മത്സരത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം.