ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ മികവ് മാതൃക; കേരളം രാജ്യത്തിന് വഴികാട്ടി: കർണാടക മന്ത്രി
Sunday, September 21, 2025 11:45 PM IST
തിരുവനന്തപുരം: കേരളം രാജ്യത്തിന് വഴികാട്ടിയാണെന്ന് കർണാടക റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ കൃഷ്ണ ബൈരെ ഗൗഡ. കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ മികച്ചതാണ്.
മനുഷ്യവിഭവശേഷി വികസനത്തിൽ സംസ്ഥാനം ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി.വേണുഗോപാൽ എംപിയുടെ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ വെച്ചാണ് കൃഷ്ണ ബൈരെ ഗൗഡയുടെ പ്രശംസ.
കെ.സി.വേണുഗോപാലടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. കർണാടകയിൽ എത്തുന്ന മിടുക്കരായ വിദ്യാർഥികളിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.