അർധ സെഞ്ചുറിക്കു പിന്നാലെ ബാറ്റുകൊണ്ട് ‘വെടിവച്ച്’ പാക്ക് താരം
Sunday, September 21, 2025 11:01 PM IST
ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അർധസെഞ്ചറി തികച്ചതിനു പിന്നാലെ പാക്ക് താരം സാഹിബ്സാദ ഫർഹാന്റെ ആഘോഷം ചർച്ചയാകുന്നു. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്സാദ ഫർഹാൻ കാണിച്ചത്.
ഇതോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പത്താം ഓവറിൽ അക്ഷർ പട്ടേലിനെ സിക്സർ പറത്തിയാണ് ഫർഹാൻ അർധസെഞ്ചുറി തികച്ചത്. ഇതിന് പിന്നാലെയാണ് ഡ്രസിംഗ് റൂമിനുനേരെ തിരിഞ്ഞുനിന്ന് ബാറ്റു കൊണ്ട് സാങ്കൽപ്പിക വെടിയുതിർത്ത് ഫർഹാൻ ആഘോഷിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമീപകാല അതിർത്തി സംഘർഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് ഫർഹാന്റെ ഗൺ ഫയറിംഗ് ആഘോഷം ചർച്ചാവിഷയമായത്.