യുഎൻ പൊതുസഭ ചേരുന്നു; പലസ്തീനെ അംഗീകരിച്ച് യുകെ
Sunday, September 21, 2025 9:20 PM IST
ലണ്ടൻ: കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ പലസ്തീനെ അംഗീകരിച്ച് യുകെ. യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായിട്ടാണ് യുകെ നിലപാട് വ്യക്തമാക്കിയത്. പലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ട ശ്രമങ്ങള്‍ തുടരുമെന്നും സ്റ്റാര്‍മര്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും എന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതായി കാനഡയും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഈ നിലപാട് കൈക്കൊള്ളുന്ന ആദ്യ ജി 7 സഖ്യത്തില്‍പ്പെട്ട രാജ്യമാണ് കാനഡ. പലസ്തീനും ഇസ്രയേലും സമാധാനപൂര്‍ണമായ ഭാവി പ്രതീക്ഷിക്കുന്നുവെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.
പിന്നാലെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.