ലഭിച്ചത് ഒരേയൊരു അപേക്ഷ മാത്രം; മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും
Sunday, September 21, 2025 5:04 PM IST
ന്യൂഡൽഹി: മുൻ ഡൽഹി ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റാകും. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ മിഥുൻ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
റോജർ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുൻ എത്തുന്നത്. ഈ മാസം 28ന് ചേരുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലായിരിക്കും മിഥുന് മന്‍ഹാസിന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള മിഥുൻ ദേശീയ ടീമിൽ കളിച്ചിട്ടില്ല.
1997-98 സീസൺ മുതതൽ 2016-17 സീസൺ വരെ നീണ്ടുനിൽക്കുന്നതാണ് മിഥുന്റെ കരിയർ. 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി 9,714 റൺസ് നേടി. 27 സെഞ്ചുറികളും 49 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്, പൂന്നൈ വാരിയേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തിലാണ് മിഥുന് മന്‍ഹാസിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനമായത്. ഐസിസി ചെയര്മാന് ജയ് ഷാ, രാജീവ് ശുക്ല, ദേവ്ജിത് സൈക്കിയ, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി രോഹന് ജെയ്റ്റ്ലി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.