"എയിംസ് ആലപ്പുഴയിൽ തന്നെ; നിരസിച്ചാൽ ഞാനെന്റെ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും'
Sunday, September 21, 2025 3:20 PM IST
തൃശൂർ: ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി എംപി. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇടുക്കി ആയിരിക്കും ഒരുപക്ഷേ പിന്നെ, പിന്നാക്കം നിൽക്കുന്നത്. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയിൽ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെ അത് ചെയ്യില്ലെന്ന് തീരുമാനിച്ചാൽ പിന്നെ എനിക്ക് എന്റെ പ്രധാനമന്ത്രിയുടെ അടുത്തും ആരോഗ്യമന്ത്രിയുടെ അടുത്തും പിന്നെ എനിക്ക് അധികാരമുണ്ട്, അവകാശമുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപിയുടെ ആദ്യ എംപി എന്ന നിലയിൽ തൃശൂരിന് പിന്നെ അത് നിർബന്ധമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂരിൽ സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. എന്നാൽ, തിരുവനന്തപുരത്ത് സ്ഥലം നൽകാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ എയിംസ് വരുന്നതിനെ ചിലർ എതിർക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണെന്നും സുരേഷ് ഗോപി ആരോപിച്ചു.