സമയക്രമവുമായി ബന്ധപ്പെട്ട തർക്കം; ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുകയറ്റി
Sunday, September 21, 2025 3:07 PM IST
മലപ്പുറം: തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി അപകടം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ദിവസം മലപ്പുറം തിരുവാലിയിലാണ് സംഭവം. അപകടത്തിൽ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു. മഞ്ചേരി ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തുനിന്നുമായി വണ്ടൂരിലേക്ക് വരുകയായിരുന്നു ഇരു സ്വകാര്യ ബസുകളും.
സമയക്രമത്തെ ചൊല്ലി റോഡിൽ ഇരു ബസിലെ ജീവനക്കാരും തമ്മിൽ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടർന്ന് രണ്ടു ബസുകളും റോഡിൽ സമാന്തരമായി മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ചു.
പിന്നാലെ മാൻകോ എന്ന സ്വകാര്യ ബസ് മറ്റൊരു ബസിൽ മനപ്പൂര്‍വം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ മാൻകോ ബസിലെ ഡ്രൈവര്‍ ചോക്കാട് സ്വദേശി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പോലീസ് കേസടുത്തത്. പരിക്കേറ്റ യാത്രക്കാരി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി.